ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. പ്രചാരണ കമ്മിറ്റി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എ.ഐ.സി.സി നിയോഗിച്ചു. ഡോ. ശശി തരൂർ സഹഅധ്യക്ഷനായും ഷാഫി പറമ്പിൽ എം.പി കൺവീനറായും പ്രവർത്തിക്കും. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിൽ മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും യുവനേതാക്കളുടെ ആവേശവും ഒരേപോലെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് പട്ടിക പുറത്തിറക്കിയത്.
തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയുടെ ചെയർമാനായി ബെന്നി ബഹനാൻ എം.പിയെ തിരഞ്ഞെടുത്തു. കൊടിക്കുന്നിൽ സുരേഷ് ആണ് ഈ സമിതിയുടെ സഹഅധ്യക്ഷൻ. പ്രചാരണ കമ്മിറ്റിയിൽ യുവത്വത്തിനും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് ക്യാംപെയ്ൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
സാമുദായിക സമവാക്യങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് സമിതികളുടെ രൂപീകരണം. പ്രകടനപത്രിക സമിതിയിൽ എം.പിമാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഏകോപനം ഉറപ്പാക്കാൻ ഹൈക്കമാൻഡ് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റാൻ ശക്തമായ പ്രചാരണ പരിപാടികൾ ഉടൻ ആരംഭിക്കാനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം.



