വണ്ടൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം വണ്ടൂർ മണ്ഡലത്തിൽ നിന്നാകണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യുഡിഎഫ് പടയൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’യ്ക്ക് വണ്ടൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സതീശൻ ഉന്നയിച്ചത്. സംഘപരിവാറിനെപ്പോലും വെല്ലുന്ന രീതിയിലുള്ള വർഗീയ കാർഡാണ് സിപിഎം ഇപ്പോൾ പുറത്തെടുക്കുന്നത്. ഇടതുഭരണത്തിൽ അതൃപ്തരായ സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാർ ഇക്കുറി യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിച്ച് ലോഹ്യം പറഞ്ഞോളൂ, അവർ മാറ്റം ആഗ്രഹിക്കുന്നുണ്ട്,” സതീശൻ പറഞ്ഞു.
എൽഡിഎഫ് സർക്കാർ ഭരിച്ചു മുടിച്ച കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി സമഗ്രമായ കർമ്മപദ്ധതിയുമായാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. വികസന മുരടിപ്പിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ടീം യുഡിഎഫ്’ ജനവിധി തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്ടൂരിലെ ആവേശകരമായ ജനപങ്കാളിത്തം വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.



