തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ വസ്തുതാവിരുദ്ധമായ മറുപടി നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. മന്ത്രി ബോധപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയെന്നും ഇത് സഭയുടെ അവകാശത്തിന്മേലുള്ള ലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു.
2025 സെപ്റ്റംബറിൽ പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകളെ ചൊല്ലിയാണ് വിവാദം. പരിപാടിയുടെ നടത്തിപ്പിനായി സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി നിയമസഭയിൽ ആദ്യം നൽകിയ വിശദീകരണം. എന്നാൽ, 2026 ജനുവരി 28-ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായി, സ്പോൺസർമാരെ കണ്ടെത്തുന്നതിലെ കാലതാമസം കാരണം ബോർഡിന്റെ ബജറ്റിൽ നിന്നും തുക മുൻകൂറായി ചെലവഴിച്ചിരുന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ചു. ഈ വൈരുധ്യമാണ് ചെന്നിത്തല ആയുധമാക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപയാണ് അയ്യപ്പസംഗമത്തിനായി വകമാറ്റിയത്. എന്നാൽ ചടങ്ങ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മൂന്ന് കോടി രൂപ മാത്രമാണ് തിരികെ നിക്ഷേപിച്ചതെന്നും ബാക്കി രണ്ട് കോടി രൂപയുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകളെ സംബന്ധിച്ച മാധ്യമവാർത്തകളും സ്പീക്കർക്ക് നൽകിയ കത്തിനൊപ്പം അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.
ദേവസ്വം ഫണ്ട് വകമാറ്റിയ സംഭവത്തിൽ വസ്തുതകൾ മറച്ചുവെച്ച് മന്ത്രി ദുരുദ്ദേശപരമായ മറുപടികളാണ് നൽകിയതെന്നും അതിനാൽ വി.എൻ. വാസവനെതിരെ അവകാശലംഘന നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തിൽ സ്പീക്കറുടെ നിലപാട് വരുംദിവസങ്ങളിൽ സഭയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.



