കോഴിക്കോട്: പുതുയുഗ യാത്രയുടെ സ്വീകരണ വേദിയിലുണ്ടായ തർക്കം നിസാരമാണെന്നും രാഷ്ട്രീയ എതിരാളികൾ ഇത് ഊതിപ്പെരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യാത്രയുടെ വൻ വിജയത്തിൽ അസൂയപൂണ്ടവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ സമയം വൈകിയതിനെത്തുടർന്നാണ് ഷാഫി പറമ്പിൽ എം.പി തന്നെ പ്രസംഗിക്കാൻ വിളിക്കാൻ ആവശ്യപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രൻ വീണുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. അധ്യക്ഷനായ ഷാഫി പറമ്പിലിനോട് പ്രസംഗിക്കാൻ മുല്ലപ്പള്ളി നിർബന്ധിക്കുകയായിരുന്നുവെന്നും സതീശൻ വിശദീകരിച്ചു.
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ പുതുയുഗ യാത്ര മാറ്റിവെക്കേണ്ട സാഹചര്യമില്ല. പണിമുടക്കിന് ആധാരമായ കാരണങ്ങളോട് കോൺഗ്രസിന് പൂർണ്ണ പിന്തുണയുണ്ട്. എന്നാൽ കേരളത്തിൽ മാത്രം പണിമുടക്ക് ഹർത്താലായി മാറുന്ന രീതി പുനഃപരിശോധിക്കണം. കാലഹരണപ്പെട്ട ഇത്തരം സമരമുറകൾ മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. എന്തിനാണ് പണിമുടക്ക് എന്ന് പോലും ജനങ്ങൾക്ക് അറിയാത്ത അവസ്ഥയാണ്. ഡി.എ നൽകുന്നത് ജീവനക്കാരുടെ അവകാശമല്ലെന്ന് പറയുന്ന സി.പി.എം സർക്കാർ തീവ്ര വലതുപക്ഷ നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫിന്റെ ആരോഗ്യ നയരേഖ പുറത്തിറക്കി
കേരളത്തിലെ ആരോഗ്യമേഖലയെ അടിമുടി പരിഷ്കരിക്കാനുള്ള യു.ഡി.എഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട് വി.ഡി. സതീശൻ ചടങ്ങിൽ പുറത്തുവിട്ടു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാവർക്കും ചികിത്സ ഉറപ്പാക്കുന്ന ‘യൂണിവേഴ്സൽ ഹെൽത്ത് കവറേജ്’ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ഏകോപിപ്പിക്കും. ആദിവാസി-തീരദേശ മേഖലകളിലെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. എൽ.ഡി.എഫ് സർക്കാർ അട്ടിമറിച്ച കാരുണ്യ ഫാർമസികൾ പുനരാവിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.



